കുവൈറ്റ് സിറ്റി: അൽ - തുവൈബി സീസൺ അവസാനിക്കുന്നതോടെ അടുത്ത ആഴ്ച മുതൽ കുവൈറ്റിൽ കടുത്ത ചൂടിന്റെ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
ഈ വർഷത്തിലെ ഏറ്റവും കടുത്ത വേനൽച്ചൂടുള്ള കാലഘട്ടങ്ങളിലൊന്നായ "ജെമിനി' അഥവാ മിഥുനം സീസൺ ജൂലൈ മൂന്ന് മുതൽ 15 വരെ നീണ്ടുനിൽക്കും. ഈ സീസണിൽ പകൽ സമയങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചു.
കടുത്ത വരൾച്ചയും ഇതിനൊപ്പം വീശിയടിക്കുന്ന ചുട്ടുപൊള്ളുന്ന കാറ്റും സൂര്യന്റെ ചൂടും രൂക്ഷതയും വർധിപ്പിക്കും. പരമ്പരാഗത ചന്ദ്ര-സൂര്യ കലണ്ടർ പ്രകാരം ഈ സീസൺ ചിലയിടങ്ങളിൽ "അൽ-ഹഖ്അഹ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരായനാന്തം കാരണം സൂര്യരശ്മികൾ ഭൂമിക്ക് തൊട്ടുമുകളിലായി നേരെ ലംബമായാണ് പതിച്ചിരുന്നത്. എന്നാൽ ഈ പുതിയ കാലഘട്ടത്തിൽ സൂര്യന്റെ ചലനത്തിലും ചരിവിലും മാറ്റമുണ്ടാകുമെന്നും നിഴലുകൾ ക്രമേണ തിരിച്ചുവരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ കാലയളവിലാണ് സൂര്യപ്രകാശത്തിന്റെ തീവ്രത അതിന്റെ പരമാവധിയിൽ എത്തുന്നത്. ഈ സീസണിൽ സൂര്യൻ അതിന്റെ ഏറ്റവും വടക്കേ അറ്റത്ത് നിന്ന് മാറി പതുക്കെ ഭൂമധ്യരേഖയ്ക്ക് തെക്ക് ദിശയിലേക്ക് നീങ്ങാൻ തുടങ്ങും.
ജ്യോതിശാസ്ത്രത്തിൽ ഈ പ്രതിഭാസം "ദി ഡിപ്പാർച്ചർ' എന്നാണ് അറിയപ്പെടുന്നത്. ഇതോടെ രാത്രിയുടെ ദൈർഘ്യം പതുക്കെ കൂടുകയും പകലിന്റെ ദൈർഘ്യം കുറയുകയും ചെയ്യും.
വർഷത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്ന സമയമാണിതെന്ന പ്രത്യേകതയുമുണ്ട്.